കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിക്കേണ്ട വിമാനമായിരുന്നു ഇത്. 183 യാത്രക്കാരാണ് ഇതിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. പൈലറ്റും മറ്റ് ജീവനക്കാരും വിമാനത്തിൽ കയറി പുറപ്പെടാൻ തയ്യാറായിരുന്നു.

കോഴിക്കോട്: ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ടിയിരുന്ന പ്രത്യേക എയർ ഇന്ത്യ വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് IX 373 ആണ് റദ്ദാക്കിയത്. ദോഹയിൽ ഇറങ്ങാൻ ഖത്തർ സർക്കാർ അനുമതി നൽകാതിരുന്നതിനെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്. 182 യാത്രക്കാരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് വരേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് വേണ്ടിയിരുന്ന ഏക വിമാനമായിരുന്നു ഇത്. 

ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയിൽ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഈ വിമാനത്തിൽ ഗര്‍ഭിണികളും, രോഗികളും, തൊഴില്‍ നഷ്ടമായവരുമടക്കം 182 പേരാണ് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഇവരിനി എന്ന് മടങ്ങും എന്ന കാര്യത്തിലാകട്ടെ വ്യക്തതയുമില്ല. 

മടങ്ങിയെത്തുന്നവർക്കായി തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും സജ്ജമായിരുന്നു. ക്വാറന്‍റീൻ സൗകര്യങ്ങളടക്കം തയ്യാറായിരുന്നു. വിമാനത്താവളത്തിൽ ദ്രുതപരിശോധന ഉണ്ടാവില്ല എന്നതടക്കം അറിയിച്ച് യാത്രക്കാരെയും സജ്ജരാക്കി എത്തിക്കാനുള്ള നടപടിയും ഏതാണ്ട് പൂർത്തിയായതാണ്.

എന്താണ് അനുമതി നിഷേധിക്കാനുള്ള കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതിയാണോ, അതോ ഇന്ത്യയിൽ നിന്ന് ദോഹ വരെയുള്ള യാത്രയ്ക്കിടയിൽ ഏതെങ്കിലും രാജ്യം അനുമതി നൽകാതിരുന്നതാണോ എന്നും വ്യക്തമായിട്ടില്ല. 

96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്ത് നിന്ന് 46 പേർ, പത്തനംതിട്ടയിൽ നിന്ന് 24 പേർ അങ്ങനെ ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവ‍രുണ്ടായിരുന്നു. ഇതിൽ 15 പേ‍‍ർ ഗർഭിണികളായിരുന്നു. അറുപത് വയസ്സിന് മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു. ഒപ്പം തമിഴ്നാട്ടിൽ നിന്ന് 19 പേരും, മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തേണ്ടിയിരുന്ന കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തരും ഉണ്ടായിരുന്നു. അടിയന്തരമായി എത്തിക്കേണ്ടിയിരുന്നവരുടെ പട്ടികയിൽ നിന്ന് തന്നെയാണ് ഇവരെയെല്ലാവരെയും തെരഞ്ഞെടുത്തത്. ഇവരെല്ലാവരും യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂർ മുന്നേ തന്നെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നതാണ്.

എന്തുകൊണ്ട് വിമാനം റദ്ദാക്കി എന്ന് അറിയില്ലെന്ന് തന്നെയാണ് എയർ ഇന്ത്യയും പറയുന്നത്. ബദൽ സംവിധാനങ്ങൾ എന്തെങ്കിലും സ്വീകരിക്കുമോ ഇന്ത്യൻ സർക്കാർ എന്നറിയാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കാനേ ഇനി പ്രവാസികൾക്ക് നിവൃത്തിയുള്ളൂ. 

(കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ)

തത്സമയസംപ്രേഷണം: