നോർക്കയ്ക്ക് വിദേശത്ത് പ്രവർത്തിക്കുന്നതിന് വലിയ പരിമിതികളുണ്ട്. ഇന്ത്യൻ എംബസി നോർക്കയുമായി കൂടുതൽ സഹകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ തീരുമാനം 20-ന് ശേഷമെന്ന് പ്രതീക്ഷിക്കുന്നു - മന്ത്രി കെ ടി ജലീൽ.
ലേബർ ക്യാമ്പുകളിൽ പല ആളുകളും തിങ്ങിത്താമസിക്കുന്ന സാഹചര്യമുണ്ട്. അവിടെ രോഗലക്ഷണങ്ങളുള്ളവരെല്ലാം ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് യുഎഇ സർക്കാർ നിർദേശിക്കുന്ന തരത്തിൽ മാറണം. അവിടെ ഭക്ഷണം ലഭിക്കാനുള്ള സാഹചര്യമുണ്ട്. നിലവിൽ നോർക്കയ്ക്ക് ഗൾഫിൽ ഇടപെടുന്നതിൽ പരിമിതികളുണ്ട്. നോർക്കയുമായി ഇന്ത്യൻ എംബസി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണം. നിലവിൽ നോർക്കയ്ക്ക് ഇന്ത്യൻ എംബസിയിൽ ഒരിടം കൊടുക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കൂടുതൽ സഹകരിക്കണം - മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, നോർക്ക വഴി പ്രവാസികൾക്ക് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയ സഹായധനം ഉടൻ തന്നെ വിതരണം ചെയ്ത് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ഏജൻസികൾ അടക്കം വഴി നാട്ടിലേക്ക് അയച്ച പണം പലർക്കും കിട്ടിയിട്ടില്ല. അത് കിട്ടുന്നതിനും, ഒപ്പം സ്വർണപണയം പോലുള്ള ഇടപാടുകൾ ചെറുധനകാര്യസ്ഥാപനങ്ങൾ വഴി നടത്തുന്നതിനുമുള്ള തീരുമാനം മന്ത്രിസഭാ യോഗം ഉടൻ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, ഗൾഫിൽ പല രാജ്യങ്ങളിലും ഇന്ത്യൻ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ടുണ്ടെങ്കിലും അതിൽ പങ്കെടുക്കണമെങ്കിൽ ഫീസടയ്ക്കണമെന്നാണ് സ്കൂൾ മാനേജ്മെന്‍റുകൾ വ്യക്തമാക്കുന്നത്. ഇത് പാടില്ലെന്നും, ഫീസ് ഈടാക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് എങ്കിലും നിർത്തിവയ്ക്കണമെന്നും സർക്കാർ ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റുകളോട് ആവശ്യപ്പെട്ടതാണെന്നും മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി.
'കര കയറാൻ' തത്സമയസംപ്രേഷണം കാണാം:
