അബുദാബി: യുഎഇയില്‍ ഞായറാഴ്ച 390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവരെ പരിശോധിക്കാന്‍ യുഎഇയില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റിംഗ് സെന്‍ററുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു.

മൂന്ന് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 375 ആയി ഉയര്‍ന്നു. 80 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 58,488 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 8,144 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പരിശോധനയ്ക്ക് 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്. അബുദാബിയില്‍ ഗാന്‍ദൂതിലെ ലേസര്‍ സ്ക്രീനിങ് സെന്ററിന് പുറമെ സായിദ് സ്‍പോര്‍ട്സ് സിറ്റിയിയിലും കോര്‍ണിഷിലും പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ദുബായില്‍ മിന റാഷിദ്, അല്‍ ഖവാനീജ് എന്നിവിടങ്ങളിലാണ് പരിശോധാ കേന്ദ്രങ്ങള്‍. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളുടെ വിവരവും പ്രവൃത്തി സമയവും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി അനുമതി എടുത്ത ശേഷം പരിശോധനാ കേന്ദ്രങ്ങളിലെത്തി രക്ത സാമ്പിളുകള്‍ നല്‍കുകയാണ് വേണ്ടത്.

മിനിറ്റുകള്‍ക്കുള്ളില്‍ ഫലം ലഭ്യമാകും. നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിക്കാം. പോസിറ്റീവ് റിസള്‍ട്ടാണ് വരുന്നതെങ്കില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഇതിന്റെ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.