Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി കുവൈത്തും യുഎഇയും; വിമാന സര്‍വീസിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതിയില്ല

കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണം.
 

Covid 19: uae, kuwait permit to depart foreigners
Author
Dubai - United Arab Emirates, First Published Apr 7, 2020, 12:28 AM IST

ദുബായ്: യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് ആവശ്യം. അതേസമയം  യുഎഇയില്‍ പുതുതായി 277 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു.

കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണം. ലോക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ അവസരം ഉപയോഗപ്പെടുത്തി ഫിലിപ്പിന്‍സ്, ലബനോന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഗള്‍ഫിലെ അവരുടെ പൗരന്മാരെ ഇതിനകം നാട്ടിലെത്തിച്ചുകഴിഞ്ഞു

പ്രായമായവരും, രോഗികളും വിസാകാലാവധി കഴിഞ്ഞവരും നാട്ടില്‍ അടിയന്തരമായി എത്തേണ്ടവരും ഉള്‍പ്പെടെ നിരവധിപേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദുബായിലെ നൈഫടക്കം രോഗം വ്യാപിച്ച മേഖലകളില്‍ ഭീതിയോടെ കഴിയുന്ന സാധാരണക്കാരായ തൊഴിലാളികളെ അടിയന്തിര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു. അതേസമയം യുഎഇയില്‍ പുതുതായി 277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2076 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios