Asianet News MalayalamAsianet News Malayalam

ഗൾഫിൽ രോഗബാധിതർ പതിനായിരത്തി അഞ്ഞൂറ്, മരണം 71, വേതനം കുറയ്ക്കുന്നത് താൽക്കാലികമെന്ന് യുഎഇ

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താൽക്കാലികം മാത്രമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഏകീകൃത തൊഴിൽകരാറും അധികൃതർ പുറത്തിറക്കി. അതിന്‍റെ വിവരങ്ങളിങ്ങനെ:

Covid 19 Updated From Gulf Countries Oman To Implement Complete Lock Down
Author
UAE, First Published Apr 10, 2020, 7:02 AM IST

യുഎഇ: ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരത്തി അഞ്ഞൂറ് കടന്നു. രണ്ട് മലയാളികളടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 71 പേരാണ്. ഒമാനില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലവിൽ വരികയാണ്. അതേസമയം, യുഎഇയിൽ കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താൽക്കാലികം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലാകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 10544 ആയി. സൗദിയില്‍ 3287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 44 പേര്‍ മരിച്ചു. രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ച യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 2657 ആയി ഉയർന്നു. ഖത്തറില്‍ 2376 പേര്‍ക്കും കുവൈത്ത് 910, ബഹറൈന്‍ 855, ഒമാൻ 457 എന്നിങ്ങനെയാണ് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം.

വൈറസിന്‍റെ സമൂഹവ്യാപനത്തിലേക്ക് കടന്ന ഒമാനില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിലവില്‍ വരും. ഈ മാസം 22 വരെയാണ് നിയന്ത്രണം. കുവൈത്തിൽ മുപ്പത്തേഴ് ഇന്ത്യക്കാർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരായ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 479 ആയി. 

യുഎഇ നൈഫിൽ നിന്ന് നസീർ വാടാനപ്പള്ളി എന്ന പ്രവാസി പറയുന്നത് കേൾക്കാം:

യുഎഇയിൽ വേതനം വെട്ടിക്കുറയ്ക്കൽ, ആശങ്കയോടെ മലയാളികൾ

യുഎഇയിൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താൽക്കാലികം മാത്രമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഏകീകൃത തൊഴിൽകരാറും അധികൃതർ പുറത്തിറക്കി. തൊഴിലാളികൾക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുൻകൂട്ടി അവധി നൽകുക, താൽക്കാലികമായി വേതനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ തുടങ്ങി ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അവസരം നൽകിയത്. 

ഏതു മാർഗം സ്വീകരിച്ചാലും അതു തൊഴിലാളികളിൽ സമ്മർദം ചെലുത്തിയാകരുതെന്ന് പുതിയ തൊഴിൽ കരാറിൽ പ്രത്യേകം പറയുന്നുണ്ട്. ഇരുവിഭാഗവും പരസ്പരം സമ്മതിച്ച് ഒപ്പ് പതിച്ചാണ് പുതിയ കരാർ സമർപ്പിക്കേണ്ടത്. തീരുമാനം മലയാളികളടക്കം രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ഏറെ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

പക്ഷേ സാമൂഹ്യാകലം പാലിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ, ലേബർ ക്യാമ്പുകളിലും മറ്റും കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് എങ്ങനെ പാലിക്കണമെന്നറിയുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരികെ വരണമെന്നും, വിമാനങ്ങൾ അയച്ച് എങ്ങനെയെങ്കിലും നാട്ടിലേക്ക് അയക്കണമെന്നുമാണ് പ്രവാസികൾ കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് അഭ്യർത്ഥിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ച് കെഎംസിസി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

പ്രവാസികൾ തത്സമയം സംസാരിക്കുന്ന, അനുഭവങ്ങൾ പങ്കുവയ്ക്കുന്ന, ഇന്നലത്തെ ന്യൂസ് അവർ കാണാം:

Follow Us:
Download App:
  • android
  • ios