റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് 482 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ റിയാദിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. പ്രതിദിന എണ്ണം 200ന് മുകളിലായി. 24 മണിക്കൂറിനിടെ 360 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ് പേര്‍ കൂടി മരിച്ചു.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,86,782 ആയി. ഇവരില്‍ 3,75,831 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,630 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4321 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 622 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 204, മക്ക 84, കിഴക്കന്‍ പ്രവിശ്യ 76, വടക്കന്‍ അതിര്‍ത്തി മേഖല 34, മദീന 21, ഹായില്‍ 14, അല്‍ഖസീം 13, ജിസാന്‍ 13, അസീര്‍ 8, അല്‍ജൗഫ് 7, തബൂക്ക് 6, നജ്റാന്‍ 4, അല്‍ബാഹ 1.