മൂന്ന് മാസങ്ങള്‍ക്ക് ശനിയാഴ്‍ച ബഹ്റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നൂറ് കടന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കേസുകള്‍ ഉയരുകയാണ്.

മനാമ: മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേപ്പോലെ ബഹ്റൈനിലും (Bahrain) ഒരു ഇടവേളയ്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശനിയാഴ്‍ച കൊവിഡ് കേസുകള്‍ 100 കടന്നു. ഞായറാഴ്‍ച കേസുകള്‍ അല്‍പം കുറഞ്ഞെങ്കിലും ശരാശരി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ശനിയാഴ്‍ച 101 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് സെപ്‍റ്റംബര്‍ 20നായിരുന്നു പ്രതിദിന രോഗബാധ 100 കടന്നത്. അന്ന് 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ അവസാന 10 ദിവസത്തെ ശരാശരി കൊവിഡ് കേസുകള്‍ 67 ആയിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 57 ആയും നവംബറില്‍ 29 ആയും കുറഞ്ഞിരുന്നു. ഇവിടെ നിന്ന് ഡിസംബറിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന ശരാശരി രോഗബാധ 40 കേസുകളായി വര്‍ദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്‍ച 28 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ വെള്ളിയാഴ്‍ച ആയപ്പോള്‍ 52 ആയും ശനിയാഴ്‍ച 101 ആയും വര്‍ദ്ധിച്ചു. ഞായറാഴ്‍ച 89ലേക്ക് കുറഞ്ഞിട്ടുമുണ്ട്. രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. രാജ്യത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.