സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പത്തുപേരില്‍ നാല് പേര്‍ വിദേശത്തുനിന്ന് വന്നവര്‍. ബെഹ്റൈന്‍, അബുദാബി, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ് ഇവര്‍
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പത്തുപേരില്‍ നാല് പേര്‍ വിദേശത്തുനിന്ന് വന്നവര്‍. ബെഹ്റൈന്‍, അബുദാബി, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ് ഇവര്‍. കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത് വടകര സ്വദേശിയായ 37 കാരനാണ്. ബഹ്റൈനിൽ നിന്ന് ഇന്നലെ എത്തിയപ്പോള്‍ തന്നെ രോഗലക്ഷണം കണ്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനാണ്. അബുദാബിയിൽ നിന്ന് മെയ് ഏഴിനാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്. തവനൂർ മാണൂർ നടക്കാവ് സ്വദേശി 64 കാരനാണ് മലപ്പുറത്ത് രോഗം ബാധിച്ച മറ്റൊരു പ്രവാസി. മെയ് ഏഴിന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലാണ് ഇദ്ദേഹം ഇറങ്ങിയത്. ഇരുവരും മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കോട്ടയത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടു വയസുകാരന്‍റെ അമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഗർഭിണിയാണ്. അമ്മയും രണ്ട് വയസുകാരനും കുവൈറ്റിൽ നിന്ന് ശനിയാഴ്ചയാണ് കേരളത്തിലെത്തിയത്. രോഗം ബാധിച്ച മറ്റുള്ള രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്.
ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
