റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി. പുതുതായി നാലുപേര്‍ കൂടിയാണ് മരിച്ചത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു. ആയിരം കടന്നു. ഇതുവരെ രോഗം ബാധിച്ച 7142 പേരില്‍ 1049 പേര്‍ സുഖം പ്രാപിച്ചു. 59 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. 

കൊവിഡ് ബാധിച്ചുള്ള  മരണസംഖ്യ ഉയരുക തന്നെയാണ്. സ്വദേശികളും വിദേശികളുമായി നാലുപേരാണ് വെള്ളിയാഴ്ചയും മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 87 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ എണ്ണവും ഇന്ന് വളരെ ഉയര്‍ന്നു. 762 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ  കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്, 325. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 7142 ആയി. ജിദ്ദയില്‍ രണ്ടും മക്കയിലും തബൂക്കിലും ഓരോരുത്തരുമാണ് മരിച്ചത്. 113  രോഗികളുള്ള തബൂക്കില്‍ ആദ്യമായാണ് ഒരു മരണം സംഭവിച്ചത്. 6006 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 74 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ  വിഭാഗത്തിലാണ്.