Asianet News MalayalamAsianet News Malayalam

ആശങ്ക ഒഴിയാതെ ഒമാന്‍; പ്രതിദിന കൊവിഡ് മരണനിരക്ക് ഉയര്‍ന്നു

ഏപ്രില്‍ മാസം മുതല്‍ മരണസംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. 332 പേരാണ് കൊവിഡ് ബാധിച്ച് ഏപ്രില്‍ മാസം ഒമാനില്‍ മരിച്ചത്.

covid deaths increased in Oman
Author
Muscat, First Published Jun 16, 2021, 12:32 PM IST

മസ്‌കറ്റ്: ഒമാനില്‍ പ്രതിദിന കൊവിഡ് മരണനിരക്കില്‍ വര്‍ധനവ്. ജൂണ്‍ ഒന്ന് മുതല്‍ പതിനഞ്ചു വരെ 220 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്. മുന്‍ മാസങ്ങളേക്കാള്‍ പ്രതിദിന മരണ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2021  ജനുവരി മാസത്തില്‍ 30 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരിയില്‍  41ഉം മാര്‍ച്ചില്‍ 108 പേരുമാണ് മരണമടഞ്ഞത്.

എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ മരണസംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. 332 പേരാണ് കൊവിഡ് ബാധിച്ച് ഏപ്രില്‍ മാസം ഒമാനില്‍ മരിച്ചത്. മെയ് മാസം മരണസംഖ്യ ഒട്ടും കുറയാതെ മുന്നൂറ്റി മുപ്പത്തിയഞ്ചുപേരുടെ ജീവന്‍ കൊവിഡ് അപഹരിച്ചു. ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്ർ നഷ്ടമായത്.  2021 ജനുവരി മുതല്‍ ജൂണ്‍ പതിനഞ്ച് വരെ  ആയിരത്തി അറുപത്തിയാറ് പേര്‍‍ മരിച്ചു.

ഒമാനില്‍ കൊവിഡ്  മൂലമുള്ള ആദ്യ മരണം റിപ്പോര്‍ട് ചെയ്തത് 2020  മാര്‍ച്ച് 31ന് ആയിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലുള്ള 72കാരനായ ഒമാന്‍ സ്വദശി ഡോക്ടര്‍ രാജേന്ദ്രന്‍ നായരായിരുന്നു കൊവിഡ് 19 മൂലം ഒമാനില്‍ മരണമടഞ്ഞ ആദ്യ മലയാളി .2020 ഏപ്രില്‍ 17 വൈകിട്ട് 4:45തിനായിരുന്നു ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഡോക്ടര്‍ പി രാജേന്ദ്രന്‍ നായര്‍ മരണമടഞ്ഞത്. 2020  മാര്‍ച്ച്  31  മുതല്‍ 2020  ഡിസംബര്‍ വരെ 1499 പേര്‍ക്കാണ് കൊവിഡ്  മൂലം ജീവന്‍ നഷ്ടമായത്. 16 മാസം പിന്നിടുമ്പോള്‍  2565  പേര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഒമാനില്‍ ഇന്നലെ  2126  പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ രാജ്യത്ത് കൊവിഡ്  രോഗികളുടെ എണ്ണം 238,566ലെത്തി.കഴിഞ്ഞ 24  മണിക്കൂറില്‍ കൊവിഡ് രോഗം പിടിപെട്ട 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍  ചികിത്സയില്‍ കഴിയുന്ന 374  പേര്‍ ഉള്‍പ്പെടെ, ഇപ്പോള്‍ 1247  രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

Follow Us:
Download App:
  • android
  • ios