Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇത്തിഹാദില്‍ നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

ലോകമെമ്പാടുമുള്ള വ്യാപരത്തിന് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കൊവിഡ് കാലം സമ്മാനിച്ചതെന്ന് കമ്പനി വക്താവ് പറയുന്നു. വരും കാലത്തും വിമാന യാത്രക്കാരുടെ എണ്ണം കുറയാനാണ് സാധ്യത. 

covid impact itihad lays off employees across various units
Author
Abu Dhabi - United Arab Emirates, First Published May 19, 2020, 10:25 PM IST

അബുദാബി: കൊവിഡ് കാലത്തെ സാമ്പത്തിക ആഘാതവും വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതുകൊണ്ടുണ്ടായ പ്രതിസന്ധികളും അതിജീവിക്കാന്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഇത്തിഹാദ്. അബുദാബി ആസ്ഥാമായ കമ്പനിയുടെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അധികൃതര്‍ തന്നെ ഇക്കാര്യം വക്തമാക്കിയത്. വിവിധ വിഭാഗത്തില്‍ പെടുന്നവര്‍ ജോലി നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.

ഇപ്പോഴത്തെ വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനെന്നാണ് ഈ നീക്കത്തെ ഇത്തിഹാദ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്ന യാത്രാ നിയന്ത്രണത്തോടെ എല്ലാ വിമാനക്കമ്പികള്‍ക്കും സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തിവെയ്ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തിഹാദ് അടക്കമുള്ള ചില കമ്പനികള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. അബുദാബിയില്‍ നിന്ന് കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് ഇത്തിഹാദിന്റെ ശ്രമം.

ക്യാബിന്‍ ക്രൂ അടക്കം ആയിരക്കണക്കിന് ജീവനക്കാരെ ഇത്തിഹാദ് പിരിച്ചുവിടാനൊരുങ്ങുന്നതായി ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള വ്യാപരത്തിന് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കൊവിഡ് കാലം സമ്മാനിച്ചതെന്ന് കമ്പനി വക്താവ് പറയുന്നു. വരും കാലത്തും വിമാന യാത്രക്കാരുടെ എണ്ണം കുറയാനാണ് സാധ്യത. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നുവെന്നും ഈ പ്രതിസന്ധികളെ കമ്പനി അതിജീവിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios