കൊവിഡ് ബാധിതനായ ഡോക്ടര്‍ മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മറ്റുള്ളവരുമായി  സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

തായിഫ്: കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാതിരുന്നതിന് വിദേശി ഡോക്ടറെ സൗദി അറേബ്യയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തായിഫ് ആരോഗ്യ വകുപ്പിന് കീഴിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അറബ് വംശജനായ ഡോക്ടറെയാണ് തായിഫ് ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടത്.

കൊവിഡ് ബാധിതനായ ഡോക്ടര്‍ മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ ലംഘിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്‍ ഹാദി അല്‍റബീഇയെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

തായിഫ് ആരോഗ്യ വകുപ്പ് മേധാവി സഈദ് അല്‍ഖഹ്താനിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനം തെളിഞ്ഞതോടെ ഡോക്ടറുമായി ഒപ്പുവെച്ച തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. നിയമലംഘനം നടത്തിയതിന് മറ്റ് ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ അന്വേഷണ കമ്മറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. 

വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച പ്രവാസികള്‍ അറസ്റ്റില്‍