മെയ് 2ന് ഒമാന്‍ സുപ്രീം കമ്മറ്റി പുറപ്പെടുവിച്ച തീരുമാനങ്ങളുടെ ലംഘനമാണ് ഈ ഒത്തുചേരലുകള്‍. 

മസ്‌കറ്റ്: ഒമാന്‍ സുപ്രീം കമ്മറ്റിയുടെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. ഒമാനില്‍ വിവിധ വിലായത്തുകളിലുള്ള പരമ്പരാഗത സൂക്കുകളില്‍ ഇന്ന് ശാരീരിക അകലം പാലിക്കാതെയും കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചും പൊതുജനങ്ങള്‍ ഒത്തു കൂടിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മെയ് 2ന് ഒമാന്‍ സുപ്രീം കമ്മറ്റി പുറപ്പെടുവിച്ച തീരുമാനങ്ങളുടെ ലംഘനമാണ് ഈ ഒത്തുചേരലുകള്‍. ഈദ് നമസ്‌കാരങ്ങളും പരമ്പരാഗത ഈദ് സൂക്കുകള്‍ നടത്തരുതെന്നും ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളിലുള്ള എല്ലാ ഒത്തുചേരലുകളും നിരോധിച്ചതായും സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിന്നും അതേത്തുടര്‍ന്നുള്ള മരണത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാമാരിയുടെ തുടക്കം മുതല്‍ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കി വരുന്നത്. ഇത് ഒമാനിലെ പൗരന്മാരും സ്ഥിരതാമസക്കാരും കൃത്യമായി അനുസരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമാണെന്നും ഒമാന്‍ ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.