റിയാദ്: കൊവിഡിനെതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം. 

രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകും. വാക്സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും. വാക്സിൻ കുത്തിവെപ്പിനുള്ള രജിസ്‍ട്രേഷൻ ‘സ്വിഹത്തി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ചെയ്യേണ്ടത്. വാക്സിനേഷൻ ഉദ്ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്ത്രീയുൾപ്പെടെ രണ്ട് സ്വദേശികളും കുത്തിവെപ്പിന് വിധേയരായി.