മസ്‌കറ്റ്: ഒമാനില്‍ പൊലീസ്, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍, ജനറല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍, ഒന്നാം ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. 45 വയസ്സ് കഴിഞ്ഞ പൗരന്മാര്‍ക്കും രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 

വാരാന്ത്യമായ ഇന്നും നാളെ (ശനിയാഴ്ച)യും  മസ്‌കറ്റ് ബൗഷര്‍ സ്‌പോര്‍ട്‌സ് സമുച്ചയത്തില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാല് മണി വരെ വാക്‌സിനേഷന്‍ നല്‍കും. രാജ്യത്ത് മാസ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ കുത്തിവെപ്പെടുത്തവരുടെ എണ്ണം വര്‍ദ്ധിച്ചു.

ഇതിനകം ഒമാനിലെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലേറെ  പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വാക്‌സിനേഷന്‍  സ്വീകരിക്കുന്നതോടു കൂടി  രാജ്യത്ത് വാക്‌സിനേഷന്‍ ക്യാംപയിന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona