കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആരോഗ്യമന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ്. വാക്‌സിനേഷന്‍ നടത്തിയതിന്റെ തെളിവായി എല്ലാ വിമാനത്താവളങ്ങളിലും ഇത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷ്‌റിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ ആറില്‍ രണ്ടാമത് കുത്തിവെപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രാജ്യത്തെ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കേണ്ടത്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഫലം പൂര്‍ണ തോതില്‍ ലഭിക്കുക.