അബുദാബി: ജൂണ്‍ അവസാന ആഴ്ചയോടെ യുഎഇയില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാവുമെന്ന് പഠന റിപ്പോര്‍ട്ട്. ജൂണ്‍ 21ഓടെ യുഎഇയില്‍ വൈറസ് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് പഠനം പറയുന്നത്. ഇതിനകം 10 ലക്ഷം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. 

യുഎഇയില്‍ ദിവസവും 500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി നൂറിനടുത്ത് രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം ആള്‍ക്കാര്‍ സുഖംപ്രാപിക്കുന്നുണ്ട്.  ഇതുവരെ 76 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മൂന്നു മാസത്തോടടുക്കുമ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് ആരോഗ്യസംവിധാനങ്ങളുടെ നേട്ടമായി സര്‍ക്കാര്‍ കണക്കാക്കുന്നു.  

മേയ് പത്തോടെ യുഎഇ 97 ശതമാനവും കൊവിഡ് മുക്തമാകുമെന്ന് സാങ്കേതിക സ്ഥാപനമായ സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസികള്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെയാണ് യുഎഇയിലെ ജനസംഖ്യ. ഇതില്‍ 10 ലക്ഷം പേരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. 30,000 പേരെയാണ് ദിവസവും പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച നാഇഫ് മേഖലയില്‍ ഇപ്പോള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ആശ്വാസമേകുന്നു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ 6391 പേരെയാണ് പരിേശാധനക്ക് വിധേയമാക്കിയത്. അതേസമയം കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റി നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ   ഫലമായി അടുത്ത ആറാഴ്ചക്കുള്ളില്‍ രാജ്യത്ത് വൈറസ്  ബാധിതരുടെ എണ്ണം കുറയുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോകട്ര്‍ അഹ്മദ് മുഹമ്മദ് അല്‍ സൈഡീ. യുഎഇയില്‍ 10,349പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.