മസ്ക്കറ്റ്: കൊവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്ന ഒമാനില്‍ ദുരിതമനുഭവിക്കുകയാണ് മലയാളികളടക്കം ഇരുന്നൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍. ഒമ്പത് മാസമായി ശമ്പളം മുടങ്ങിയ ഇവരുടെ വിസാകാലാവധിയും കഴിഞ്ഞതോടെ അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

ഒമാനിയുടെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കമ്പനിയിലെ 50 മലയാളികളടക്കം 200 ഇന്ത്യക്കാരാണ് ഒമ്പത് മാസമായി ശമ്പളം കിട്ടാതെ വിഷമത്തിലായത്. അഞ്ച് മുതല്‍ 22 വര്‍ഷംവരെ ജോലി ചെയ്ത തൊഴിലാളികള്‍ ഈ കൂട്ടത്തിലുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വന്‍തുകയാണ് ഇവര്‍ക്ക് കിട്ടാനുള്ളത്. ഇക്കാര്യമറിയിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

പലരുടേയും വിസാകാലവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായി. വേറെ ജോലി അന്വേഷിക്കാന്‍ പറ്റാത്ത അവസ്ഥയായി. നിയമ വിരുദ്ധമായി കഴിയുന്നതിനാല്‍ അസുഖം വന്നാല്‍ ആശുപത്രിയില്‍പോകാന്‍ പോലും കഴിയില്ല. കൊവിഡ് പരിശോധന ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

മാസങ്ങളായി കാശ് കൊടുക്കാത്തതുകൊണ്ട് ഏതു നിമിഷവും ഭക്ഷണം നിന്നുപോയേക്കാമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. കൊവിഡ് ഭീതിയില്‍ ലോകം സുരക്ഷിത അകലം പാലിച്ച് കഴിയുമ്പോള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഒറ്റമുറികളില്‍ തിങ്ങിക്കഴിയാണിവര്‍.