ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് ടൂർണമെന്‍റ് നടക്കുക.
റിയാദ്: ഈ വർഷത്തെ ഇലക്ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പിന്‍റെ ആഗോള അംബാസഡറായി ലോക ഫുട്‌ബോൾ താരവും അൽ നസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തതായി ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ അറിയിച്ചു. ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് ടൂർണമെന്‍റ് നടക്കുക.
റൊണാൾഡോയുടെ വരവ് ടൂർണമെൻറിന് വലിയ ഉത്തേജനമാണെന്നും ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. ‘മുകളിലേക്ക് ഉയരുക’ശീർഷകത്തിലാണ് മത്സരം നടക്കുക. ഔദ്യോഗിക അംബാസഡർ എന്ന നിലയിൽ റൊണാൾഡോ ടൂർണമെൻറിന്‍റെ ആഗോള മാധ്യമ പ്രചാരണത്തിന് നേതൃത്വം നൽകുകയും റിയാദിലെ ബൊളിവാഡ് സിറ്റിയിൽ നടക്കുന്ന നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
ഈ മത്സരത്തിലെ 25 പ്രധാന ടൂർണമെൻറുകളിൽ ഒന്നായ ഫാറ്റൽ ഫ്യൂറി, സിറ്റി ഓഫ് ദി വോൾവ്സ് എന്ന ഗെയിമിൽ അദ്ദേഹം ഒരു വെർച്വൽ കഥാപാത്രമായും പ്രത്യക്ഷപ്പെടുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. റൊണാൾഡോ പ്രഫഷനൽ മാനസികാവസ്ഥയും മത്സര മനോഭാവവും ഉൾക്കൊള്ളുന്നു എന്ന് ഫൗണ്ടേഷൻ സി.ഇ.ഒ റാൽഫ് റീച്ചെർട്ട് പറഞ്ഞു. അദ്ദേഹത്തിെൻറ സാന്നിധ്യം പരമ്പരാഗത കായിക ഇനങ്ങളെ ഇ-സ്പോർട്സ് ലോകവുമായി ബന്ധിപ്പിക്കാൻ സഹായിക്കുമെന്നും ലോകമെമ്പാടുമുള്ള പുതിയ തലമുറ ഗെയിമർമാരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
