അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിനും ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ക്ഷണം പരസ്പരം കൈമാറി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും, പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ചൊവ്വാഴ്ചയാണ് ശൈഖ് മുഹമ്മദിന് സന്ദേശമയച്ചത്.

ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിനെ അഭിനന്ദിച്ച ഇസ്രായേല്‍ പ്രസിഡന്റ്, യുഎഇ-ഇസ്രായേല്‍ ബന്ധത്തില്‍ പുതിയൊരു യുഗത്തിന് സമാധാന കരാര്‍ വഴിയൊരുക്കിയതായും സന്ദേശത്തില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ശൈഖ് മുഹമ്മദ് ഇസ്രായേല്‍ പ്രസിഡന്റിന് മറുപടി സന്ദേശം അയച്ചത്.

ഇസ്രായേല്‍ പ്രസിഡന്റിന്റെ പോസിറ്റീവും സൃഷ്ടിപരവുമായ നിലപാടിന് നന്ദി പറഞ്ഞ ശൈഖ് മുഹമ്മദ് ചരിത്രപ്രാധ്യമുള്ള സമാധാന കരാറിന് വഴി തെളിച്ച സഹകരണത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇസ്രായേല്‍ പ്രസിഡന്റിനെ യുഎഇ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹം ക്ഷണിച്ചു.