പരിഭ്രാന്തനായ ഡ്രൈവര്‍ റോഡിലെ  ബാരിക്കേഡിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇടിച്ച് വേഗത കുറയ്ക്കട്ടേയെന്ന് പൊലീസിനോട് ചോദിച്ചെങ്കിലും അത് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

ദുബായ്: ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി വേഗത കുറയ്ക്കാന്‍ കഴിയാതെ അതിവേഗത്തില്‍ ഓടിയ കാറിനെയും ഡ്രൈവറെയും രക്ഷിക്കുന്ന ദുബായ് പൊലീസിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാറിന്റെ ഡ്രൈവറെ പോലീസ് സാഹസികമായി രക്ഷിക്കുന്നതാണ് സംഭവം.

എമിറേറ്റ്സ് റോഡിലൂടെ ഷാര്‍ജയില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന കാറിന്റെ നിയന്ത്രണമാണ് നഷ്ടമായത്. സ്വദേശിയായ ഡ്രൈവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. വൈകുന്നേരം 4.50നാണ് തങ്ങള്‍ക്ക് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് ദുബായ് പൊലീസ് സീനിയര്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഈസ ഇല്‍ ഖാസിം പറഞ്ഞു. അപകടമൊഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പൊലീസ് ഫോണിലൂടെ ഡ്രൈവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. ഉടനെ കാര്‍ കണ്ടെത്താനും രക്ഷിക്കാനും കണ്‍ട്രോള്‍ പട്രോള്‍ സംഘത്തെ നിയോഗിക്കുകയും റോഡില്‍ നിന്ന് മറ്റുവാഹനങ്ങളെ മാറ്റാനും നിര്‍ദ്ദേശിച്ചു.

ഇതിനിടെ വാഹനം നിര്‍ത്താന്‍ ഫോണ്‍ വഴി പോലീസ് ഡ്രൈവര്‍ക്ക് പല നിര്‍ദ്ദേശങ്ങളും നല്‍കിയിയെങ്കിലും ഒന്നും നടപ്പായില്ല. പരിഭ്രാന്തനായ ഡ്രൈവര്‍ റോഡിലെ ബാരിക്കേഡിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇടിച്ച് വേഗത കുറയ്ക്കട്ടേയെന്ന് പൊലീസിനോട് ചോദിച്ചെങ്കിലും അത് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അപകടാവസ്ഥയില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടുന്നതുവരെ പൊലീസ് വാഹനങ്ങള്‍ കൂടെയുണ്ടാകുമെന്ന വാക്കുകളുമായി പോലീസ് ഡ്രൈവര്‍ക്ക് ആശ്വാസം പകര്‍ന്ന് മനോനില തകരാതെ നിലനിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് കാറിനേക്കാള്‍ വേഗതയില്‍ സഞ്ചരിച്ച് ഓവര്‍ടേക്ക് ചെയ്ത ഒരു പൊലീസ് വാഹനം മുന്നിലേക്ക് കുതിച്ചെത്തുന്നത് വീഡിയോയില്‍ കാണാം. മുന്നിലുള്ള പൊലീസ് കാര്‍ പതുക്കെ വേഗത കുറച്ച് അപകടത്തിലായ കാറുമായി സാവധാനം ഇടിപ്പിച്ച ശേഷം വേഗത കുറച്ച് നിര്‍ത്തുകയായിരുന്നു. ഇതേസമയം തന്നെ മുന്നിലുള്ള മറ്റ് വാഹനങ്ങളെ പോലീസ് ഒഴിവാക്കി ഇവര്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Scroll to load tweet…