ക്രൂസ് സീസണിൽ ഇത്തവണ 87 കപ്പലുകളിലായി 3.96 ലക്ഷം യാത്രക്കാർ ഖത്തറിലെത്തി.
ദോഹ: ഖത്തറിൽ അഞ്ചു മാസത്തിലേറെ നീണ്ടു നിന്ന ക്രൂസ് വിനോദ സഞ്ചാര സീസൺ സമാപിച്ചപ്പോൾ എത്തിയ കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ റെക്കോഡ്. നവംബർ ആദ്യ വാരത്തിൽ ആരംഭിച്ച ക്രൂസ് സീസണിൽ ഇത്തവണ 87 കപ്പലുകളിലായി 3.96 ലക്ഷം യാത്രക്കാർ ഖത്തറിലെത്തി. മുൻ സീസണിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനയുണ്ടായി. കപ്പലുകളുടെ എണ്ണത്തിൽ 19 ശതമാനവും വർധനയുണ്ട്. മവാനി ഖത്തറാണ് കണക്കുകൾ പുറത്തുവിട്ടത്.
ലോകത്തെ പ്രമുഖ ആഡംബര കപ്പലുകളെല്ലാം ഇത്തവണ ഖത്തര്‍ തീരത്ത് എത്തിയിരുന്നു. മെയിൻ ഷീഫ് 4, എം.എസ്.സി യൂറിബിയ, എഐഡിഎ പ്രൈമ, കോസ്റ്റ സ്മെറാൾഡ, സെലസ്റ്റിയൽ ജേർണി എന്നീ അത്യാഡംബര കപ്പലുകൾ ഇതിലുൾപ്പെടും. 1800 സഞ്ചാരികളുമായി ഈ മാസം പന്ത്രണ്ടിനെത്തിയ നോര്‍വീജിയന്‍ സ്കൈ ആണ് അവസാനമെത്തിയ വമ്പന്‍ കപ്പല്‍.
Read Also - കർശന പരിശോധന; ലൈസൻസില്ലാതെ വിൽപ്പനക്ക് വെച്ച 1300ലേറെ ഹെര്‍ബല്‍, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി
ക്രൂസ് വിനോദ സഞ്ചാരമേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് ഖത്തര്‍ കൈവരിക്കുന്നത്. ക്രൂസ് സഞ്ചാരികളെ സ്വീകരിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി വിപുലമായ തയാറെടുപ്പുകളാണ് ഖത്തർ നടത്തുന്നത്. ഗതാഗത സൗകര്യങ്ങൾ, ആധുനിക സ്വീകരണ കേന്ദ്രം, വേഗത്തിലുള്ള നടപടി ക്രമങ്ങൾ, വിവിധ ഭാഷകളിലെ ഇൻഫർമേഷൻ പോയന്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ദോഹ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
