കൊച്ചി: ഗൾഫ് നാടുകളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികൾക്കായി മെഡിക്കൽ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ഇബ്രാഹിം സുലൈമാൻ സേട്ട് കൾച്ചറൽ ഫോറമാണ് ഹര്‍ജി നൽകിയത്.

ഗൾഫ് നാടുകളിലെ ആരോഗ്യ രംഗം നിലവിലെ സാഹചര്യത്തെ അതിജീവിക്കാൻ അപര്യാപ്തമാണ്. കേരളത്തിൽ നിന്നും വിദഗ്ധ മെഡിക്കൽ സംഘത്തെ എത്രയും പെട്ടന്ന് അയക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം സൗദി അറേബ്യയിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘത്തിന് ഇപ്പോള്‍ വരാനാകില്ലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചിരുന്നു.  ഇന്ത്യൻ മെഡിക്കല്‍ സംഘത്തെ വിദേശത്തേക്ക് അയക്കണമെങ്കിൽ അതത് രാജ്യം ആവശ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ രാജ്യത്തുള്ള ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം വരണമെന്ന് അതത് രാജ്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടണം. അങ്ങനെ ഒരു ആവശ്യപ്പെടലുണ്ടായത് കൊണ്ടാണ് കുവൈത്തിലേക്ക് മെഡിക്കൽ സംഘം പോയതെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടാൽ അവിടേക്കും എത്തുമെന്നും അംബാസഡര്‍ അറിയിച്ചിരുന്നു.