മദീന: കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ മദീനയില്‍ ആറ് പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ശക്തമാക്കി. പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനും യാത്രയ്ക്കും പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ആഭ്യന്ത വകുപ്പ് ഉത്തരവിറക്കി.

ശുറൈബാത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാന്‍, ബദീന, ഖദ്‌റ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് പൂര്‍ണമായ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഭക്ഷണവും മറ്റ് അവശ്യ സര്‍വ്വീസുകളുടെയും ലഭ്യത ഉറപ്പാക്കും. ഇതിനായി ആവശ്യക്കാര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ എത്തിക്കും. മരുന്നുകള്‍ ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സേവനങ്ങളും ആഭ്യന്തര മന്ത്രാലയം  ഉറപ്പുവരുത്തും.

മദീന ഗവര്‍ണറേറ്റിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിച്ച് കൊണ്ട് അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ അനുവാദം നല്‍കും. എല്ലാവരും കര്‍ഫ്യൂവിനോട് സഹകരിക്കണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.