ബാഗേജില്‍ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. കെ9 നായ്ക്കളുടെ യൂണിറ്റ് അടക്കം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. 

അബുദാബി യുഎഇയിൽ വൻ കഞ്ചാവ് വേട്ട. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്‍റെ ലഗേജില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

യാത്രക്കാരന്‍റെ ബാഗിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് അഞ്ച് കിലോഗ്രാം കഞ്ചാവാണ്. എയര്‍പോര്‍ട്ടിലെ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്ക്രീനിങ് സംവിധാനത്തിലൂടെ യാത്രക്കാരന്‍റെ ബാഗ് കടത്തി വിട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. അസ്വാഭാവികമായി തോന്നിയതോടെ ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശീലനം ലഭിച്ച കെ9 നായ്ക്കളുടെ യൂണിറ്റിന്‍റെ സഹായത്തോടെ ഉൾപ്പെടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലഗേജിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിശോധനകള്‍ ശക്തമായി തുടരുകയാണെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ശ്രമവും വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് നയിക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഈ ഓപ്പറേഷനിലൂടെ സന്ദേശം നല്‍കുന്നതായും അതോറ്റി കൂട്ടിച്ചേര്‍ത്തു. പൊതുസുരക്ഷ സംരക്ഷിക്കുക, രാജ്യത്തിന്‍റെ സ്ഥിരത നിലനിര്‍ത്തുക, യുവജനങ്ങളെ ലഹരിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നിവയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം