റിയാദ്​: സൗദി അറേബ്യയിലെ സൈബർ സെക്യൂരിറ്റി ഭദ്രമെന്ന്​ പഠനം. അന്താരാഷ്​ട്ര റാങ്കിംഗിൽ 13ാം സ്ഥാനത്തും അറബ്​ ലോകത്ത്​ ഒന്നാം സ്ഥാനത്തുമാണ് സൗദിയെന്ന് പഠനം വ്യക്തമാക്കുന്നു. ഓക്​സ്​ഫോർഡ്​ ഇൻറർനാഷനൽ ബിസിനസ്​​ ഗ്രൂപ് നടത്തിയ സർവേ റിപ്പോർട്ടണ്​ സൗദി അറേബ്യ സൈബർ കാര്യങ്ങളിൽ ഭദ്രമെന്ന്​ വെളിപ്പെടുത്തിയത്​.​

റിയാദിൽ നടക്കാൻ പോകുന്ന സൈബർ സുരക്ഷ അന്താരാഷ്​ട്ര ഉച്ചകോടിയുടെ മുന്നോടിയായാണ്​ സർവേ നടന്നത്​. സൽമാൻ രാജാവിന്‍റെ മേൽനോട്ടത്തിൽ അടുത്ത മാസം നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഗവൺമെന്‍റ്​, സ്വകാര്യ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്​ഥർ, നിക്ഷേപകർ, അക്കാദമിക്​ വിദഗ്​ധർ, അന്താരാഷ്​ട്ര സംഘടന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തമുണ്ടാകും.