റിയാദ്: റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ നൃത്തപരിപാടിക്കിടെ പാഞ്ഞുകയറിയ യുവാവ് നർത്തകരെ കത്തി കൊണ്ട് ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്നവർക്ക് കുത്തേറ്റു. ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്. 

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മലസിലെ കിങ് അബ്ദുല്ല പാര്‍‌ക്കിലാണ് സംഭവം. വേദിയിൽ നൃത്തപരിപാടി നടക്കുന്നതിനിടെ അതിനിടയിലേക്ക് ഓടിക്കയറിയ യുവാവ് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. നൃത്തം നടക്കുന്നതും അതിനിടയിലേക്ക് യുവാവ് ഓടിവരുന്നതും കത്തിവീശി ആക്രമിക്കുന്നതും ആ ബഹളത്തിനിടയിൽ നിലത്തേക്ക് അക്രമി തെറിച്ചുവീഴുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്തു. അറബ് യുവാവാണ് അക്രമം നടത്തിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് റെഡ്ക്രസൻറ് അതോറിറ്റി വക്താവ് യാസര്‍ അല്‍ ജലാജില്‍ പറഞ്ഞു.