മസ്കത്ത്: ഒമാനിലുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട മലയാളികളുടെ മൃതദേഹം ഒമാനില്‍ തന്നെ സംസ്കരിക്കും. കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നന്റെയും കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി മാറോളി പുത്തൻപുരയിൽ ബിജീഷിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച സൊഹാർ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം ജാബിർ അറിയിച്ചു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ സർവീസ് നിർത്തിവെച്ചതിനെ തുടർന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഒമാനിൽ തന്നെ സംസ്കരിക്കുന്നത്. മസ്കറ്റിൽ നിന്നും 275 കിലോമീറ്റർ അകലെ  ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് മാർച്ച് 22ന് രാത്രിയിലാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം കനത്ത മഴയത്ത് വാദി മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവന്നിരുന്ന ഇരുവരും കുടുംബ സമേതമായിരുന്നു  താമസിച്ചു വന്നിരുന്നത്.