വീട്ടില്‍ നിന്ന് കാണാതായ 14 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വീട്ടില്‍ നിന്ന് കാണാതായ 14 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാകിസ്ഥാനി ദമ്പതികളുടെ ആണ്‍ കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മദീനയിലെ (Medina) വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന സൗദി അറേബ്യയിലെ ഒരു സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരാണ് രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കുടുംബം താമസിച്ചിരുന്ന വീടിന് 400 മീറ്ററോളം അകലെ വെള്ളം ഒഴുകുന്ന താഴ്‍വരയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു തെരച്ചില്‍ നടത്തിയതെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. വീട്ടില്‍ മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പെടാതെ കുട്ടി പുറത്തിറങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കനത്ത മഴയില്‍ ഒമാനില്‍ ആറു മരണം
മസ്‌കറ്റ്: കനത്ത മഴയെ (heavy rain)തുടര്‍ന്ന് ഒമാനില്‍(Oman) ആറുപേര്‍ മരിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മസ്‌കത്തിലെ സീബ് വിലായത്തിലെ വാദിയില്‍ നിന്ന് രണ്ടുപേരെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വാദികള്‍ മുറിച്ചു കടക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.