റിയാദ്: റസ്റ്റോറൻറിന്റെ മുൻഭാഗം തകർന്നുവീണ് അതിനടിയിൽ പെട്ട് മരിച്ച മലയാളിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി. ഈ മാസം 15ന് റിയാദിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60)യുടെ മൃതദേഹമാണ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്. 

റിയാദ് എക്സിറ്റ് 30ലെ ബഗ്ലഫിൽ അമീർ ബന്ദർ ബിൻ അബ്ദുൽ അസീസ് റോഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന മലസ് റസ്റ്റോറന്റാണ് ഞായറാഴ്ച രാവിലെ തകർന്നുവീണത്. അപകടത്തിൽ അസീസിനെ കൂടാതെ തമിഴ്നാട് കുംഭകോണം സ്വദേശി ഖാലിദും മരണപ്പെട്ടിരുന്നു. എറണാകുളം സ്വദേശി സലീം, ഓച്ചിറ സ്വദേശി അജയൻ, മരിച്ച ഖാലിദിന്റെ പിതാവ് മുബാറക്ക് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു മരിച്ച അബ്ദുൽ അസീസ്. സാമൂഹിക പ്രവർത്തകൻ കൂടിയായ അദ്ദേഹം റിയാദിലെ കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. നാട്ടിൽ നിന്ന് ബന്ധുക്കൾ അറിയിച്ചത് പ്രകാരമാണ് റിയാദിൽ ഖബറടക്കിയത്. കേളിയുടെ പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. 

മരിച്ചവരും പരിക്കേറ്റവരും പ്രഭാത ഭക്ഷണം കഴിഞ്ഞ ശേഷം റസ്റ്റോറന്റിന്റെ മുൻവശത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. അൽപം ശക്തിയായി വീശിയ കാറ്റേറ്റ് റസ്റ്റോറന്റിന്റെ ബോർഡ് ഇളകുകയും ഇതുറപ്പിച്ചിരുന്ന പാരപ്പറ്റും അതോട് ചേർന്നുള്ള സൺഷെയ്ഡും പൂർണമായും അടർന്നു നിലംപൊത്തുകയുമായിരുന്നു. അതിനടിയിൽ പെട്ടാണ് ഇവർക്ക് അപകടമുണ്ടായത്.