വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അമല്‍, ഒക്ടോബര്‍ 20ന് വൈകുന്നേരം 4.30ഓടെയാണ് ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയത്. 

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തി. കോഴിക്കോട് വടകര കൊയിലാണ്ടി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹമാണ് പൊലീസ് മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. 29 വയസുകാരനായിരുന്ന അമലിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് കാണാതായത്.

ദുബൈയിലെ അല്‍ വര്‍സാനില്‍ നിന്ന് കാണാതായ അമലിനെ കണ്ടെത്താനായി വ്യാപകമായ അന്വേഷണങ്ങള്‍ നടന്നിരുന്നു. വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അമല്‍, ഒക്ടോബര്‍ 20ന് വൈകുന്നേരം 4.30ഓടെയാണ് ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയത്. പിന്നീട് തിരികെയെത്തിയില്ല. പിതാവ് ഉള്‍പ്പെടെ യുഎഇയില്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബൈ പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം പൊലീസും അന്വേഷണം നടത്തിയിരുന്നു. 

കാണാതായ ശേഷം ഒരു തവണ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. ബസിലാണുള്ളതെന്നും കാടുള്ള പ്രദേശത്തുകൂടിയാണ് യാത്ര ചെയ്യുന്നതെന്നും സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഫോണ്‍ ഓഫായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അമലിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും സുഹൃത്തുക്കള്‍ തേടി. മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. പിതാവ് ഏതാനും ദിവസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ഇതിനിടെയാണ് അമലിന്റെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പ് ദുബൈ റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയില്‍ തൂങ്ങി മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, തമീം അബൂബക്കര്‍ പുറക്കാട്, ഫൈസല്‍ കണ്ണോത്ത് എന്നിവര്‍ അറിയിച്ചു.

Read also: എഴുത്തുകാരി സിതാരയുടെ ഭർത്താവ് അബ്ദുള്‍ ഫഹിം ദുബായിൽ അന്തരിച്ചു