കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴില്‍ രേഖകളുമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും ഫ്ലെക്സി പെര്‍മിറ്റുകള്‍ എടുത്തിരുന്നവര്‍ക്കും ബഹ്റൈനിലെ ലേബര്‍ രജിസ്ട്രേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‍ത് താമസവും തൊഴിലും നിയമാനുസൃതമാക്കാന്‍ അവസരമുണ്ട്. 

മനാമ: ബഹ്റൈനില്‍ മതിയായ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് അവ ശരിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകളില്ലാതെയും നേരത്തെ പിന്‍വലിച്ച ഫ്ലെക്സി പെര്‍മിറ്റുകളുമായി ഇപ്പോഴും തുടരുന്നവരും ഉള്‍പ്പെടെ തങ്ങളുടെ ജോലിയും താമസവും നിയമവിധേയമാക്കി മാറ്റണമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴില്‍ രേഖകളുമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും ഫ്ലെക്സി പെര്‍മിറ്റുകള്‍ എടുത്തിരുന്നവര്‍ക്കും ബഹ്റൈനിലെ ലേബര്‍ രജിസ്ട്രേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‍ത് താമസവും തൊഴിലും നിയമാനുസൃതമാക്കാന്‍ അവസരമുണ്ട്. നിലവില്‍ ക്രിമിനല്‍ കേസുകളിലോ നിയമലംഘനങ്ങളിലോ പ്രതികളായവര്‍ക്കും സന്ദര്‍ശക വിസയിലെത്തി അതിന്റെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവര്‍ക്കും മാത്രമാണ് ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്.

രേഖകള്‍ ശരിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കെ രാജ്യവ്യാപകമായ പരിശോധനകള്‍ക്ക് വരും ദിവസങ്ങളില്‍ തുടക്കം കുറിക്കും. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുവെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടികളും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള മറ്റ് നടപടികളും സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടതോ നിയമവിരുദ്ധമായ ജോലികളുമായി ബന്ധപ്പെട്ടതോ ആയ ഏത് വിവരങ്ങളും www.lmra.bh എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടോ അല്ലെങ്കില്‍ 17506055 നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടിട്ടുണ്ട്.

Read also:  സൗദി അറേബ്യയിൽ ഈ വർഷം 1705 ഫാക്ടറികൾ പ്രവര്‍ത്തനം തുടങ്ങും; വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍