കേരളത്തിലുള്ള മകളെ യു.എ.ഇയിലേക്ക് ഒപ്പം കൂട്ടാനാണ് മഞ്ജു ആഗ്രഹിച്ചത്.
ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ രണ്ടാമത്തെ ആഴ്ച്ചയിൽ വിജയിയായി മലയാളിയായ മഞ്ജു ജോസ്. യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ഡിയർ ബിഗ് ടിക്കറ്റിലൂടെ മഞ്ജു 100,000 ദിർഹം സ്വന്തമാക്കി.
കേരളത്തിലുള്ള മകളെ യു.എ.ഇയിലേക്ക് ഒപ്പം കൂട്ടാനാണ് മഞ്ജു ആഗ്രഹിച്ചത്. തുടക്കത്തിൽ മകൾ മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ അനുവദിക്കാത്തത് കൊണ്ട് മകളെ കേരളത്തിലേക്ക് മടക്കി അയക്കേണ്ടി വന്നു. ഇപ്പോൾ കേരളത്തിലെ മഞ്ജുവിന്റെ രക്ഷിതാക്കൾക്ക് ഒപ്പമാണ് മകളുള്ളത്. പ്രായമായ തന്റെ മാതാപിതാക്കൾക്ക് മകളെ നോക്കാനും ബുദ്ധിമുട്ടാണെന്ന് മഞ്ജു പിന്നീട് തിരിച്ചറിഞ്ഞു.
രണ്ട് വർഷമായി മകളെ കണ്ടിട്ടെന്ന് മഞ്ജു പറയുന്നു. മകളെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അവളുടെ ഒരേയൊരു ആഗ്രഹം ഞങ്ങളെ കാണുക എന്നതാണ് - അവർ ഡിയർ ബിഗ് ടിക്കറ്റ് സ്റ്റുഡിയോയിൽ വച്ച് പറഞ്ഞു.
വിജയിയായി എന്ന് അറിഞ്ഞപ്പോൾ മഞ്ജു സന്തോഷംകൊണ്ട് വിങ്ങിപ്പോട്ടി. മഞ്ജുവിനെ ആശ്വസിപ്പിക്കാൻ ഭർത്താവും എത്തിയിരുന്നു. തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും മഞ്ജു നന്ദി അറിയിച്ചു.
യു.എ.ഇയിലെ താമസക്കാർക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു “ഡിയർ ബിഗ് ടിക്കറ്റ്". അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.
ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് ആഗ്രഹങ്ങൾക്ക് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.
