മകനെ യു.എ.ഇയിൽ എത്തിക്കാൻ 100,000 ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിൽ വിജയിയായി ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ നിന്നുള്ള വെറോണിക്ക ആംഗ്വൻ. “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിൽ ആദ്യ ആഴ്ച്ചയിൽ വിജയിയായ രണ്ടു പേരിൽ ഒരാളാണ് വെറോണിക്ക.

യുഗാണ്ടയിലുള്ള മൂന്നു വയസ്സുകാരനായ മകനെ യു.എ.ഇയിൽ എത്തിക്കാനാണ് വെറോണിക്ക “ഡിയർ ബിഗ് ടിക്കറ്റി”ൽ പങ്കെടുത്തത്. പൊതുജനങ്ങളുടെ വോട്ടിങ്ങിന് ശേഷം, വെറോണിക്കയെ വിജയിയായി തെരഞ്ഞെടുത്തു. ഇതോടെ മകനെ യു.എ.ഇയിൽ എത്തിക്കാൻ 100,000 ദിർഹം സമ്മാനവും അവർക്ക് ലഭിച്ചു.

ടെലികോം എൻജിനീയറായ വെറോണിക്ക, 2015 മുതൽ യു.എ.ഇയിലാണ് താമസം. പക്ഷേ, ഇപ്പോൾ മൂന്നു വയസ്സുകാരനായ മകൻ കൈറീ, ആഫ്രിക്കയിൽ അമ്മൂമ്മയ്ക്ക് ഒപ്പമാണ് വളരുന്നത്.

"എന്റെ മകനൊപ്പം ദിവസങ്ങൾ ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അവനൊപ്പം അവന്റെ ബാല്യത്തിൽ ‍ഞാനില്ല. എന്റെ അമ്മ ഇപ്പോൾ വിശ്രമിക്കേണ്ട സമയമാണ്. പക്ഷേ, അവർ ഒരു രക്ഷകർത്താവിന്റെ ജോലി ചെയ്യുന്നു." - വെറോണിക്ക പറഞ്ഞു.

ഓരോ തവണ യുഗാണ്ടയിൽ കുടുംബത്തെ സന്ദർശിച്ച് മടങ്ങുമ്പോഴും മനസ്സിൽ സങ്കടമാണെന്ന് വെറോണിക്ക പറയുന്നു. ഒടുവിലെ സന്ദർശനത്തിന് ശേഷം വെറോണിക്ക മടങ്ങുമ്പോൾ, അമ്മ തിരികെ വീട്ടിലേക്ക് പോകുകയാണ് എന്ന് മകൻ പറഞ്ഞു. ഇത് തന്റെ ഹൃദയം തകർത്തു എന്ന് വെറോണിക്ക പറയുന്നു.

"അവനുള്ളതാണ് എനിക്ക് വീട്. എനിക്ക് വീട്ടിലാണെന്ന് തോന്നുന്നത് അവനുള്ളപ്പോഴാണ്. അവനെ ഒപ്പം കൊണ്ടു വരണം. അമ്മയെ ഒപ്പം കൊണ്ടുവരണം." - വെറോണിക്ക തന്റെ ആഗ്രഹം സമർപ്പിച്ച വീഡിയോയിൽ പറഞ്ഞു.

ബിഗ് ടിക്കറ്റ് സ്റ്റുഡിയോയിൽ വച്ചാണ് ഡിയർ ബിഗ് ടിക്കറ്റ് വിജയിയായി എന്ന കാര്യം വെറോണിക്ക അറിഞ്ഞത്. വാർ‌ത്ത കേട്ട അവർ പൊട്ടിക്കരഞ്ഞു. "ഒരുപാട് നന്ദി. ഡിയർ ബിഗ് ടിക്കറ്റിന് നന്ദി. അബുദാബിക്ക് നന്ദി, യു.എ.ഇക്ക് നന്ദി. പിന്നെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദൈവത്തിന് നന്ദി.”

യു.എ.ഇയിലെ താമസക്കാർക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു “ഡിയർ ബിഗ് ടിക്കറ്റ്". അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് ആഗ്രഹങ്ങൾക്ക് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.