അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിച്ച രണ്ട് വിദേശികളുടെ ശിക്ഷ റദ്ദാക്കി കോടതി. മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലാണ് ബ്രിട്ടീഷ് പൗരനും പാകിസ്ഥാന്‍ സ്വദേശിയ്ക്കും വധശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ യുഎഇ സുപ്രീം കോടതി ഈ വിധി റദ്ദാക്കി. കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

2018 മാര്‍ച്ചിലാണ് 30,000 ഡോളര്‍ വിലവരുന്ന രണ്ട് കിലോഗ്രാം ഹെറോയിന്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് 54കാരനായ ബ്രിട്ടീഷ് പൗരന്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നും ആദ്യമായാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്നതെന്നും ഇയാള്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്ക് മടങ്ങിപ്പോകാന്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്നും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പണത്തിന് വേണ്ടിയാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയതെന്നും ബ്രിട്ടീഷ് പൗരന്‍ കൂട്ടിച്ചേര്‍ത്തു. 

ഒമാനില്‍ കുടുങ്ങിയ താന്‍ പണം ചോദിച്ച് യുകെയിലുള്ള സുഹൃത്തിനെ വിളിച്ചെന്നും ദുബൈയിലേക്ക് പോകാനും അവിടെയെത്തിയാല്‍ 1,000 ഡോളര്‍ കിട്ടുന്ന ജോലി ശരിയാക്കിയിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞതായി ബ്രിട്ടീഷ് പൗരന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ദുബൈയിലെത്തുമ്പോള്‍ ഒരു പാകിസ്ഥാനി കാണാന്‍ വരുമെന്നും അയാള്‍ കുറച്ചു പണവും ഒരു പാക്കറ്റും തരുമെന്നും യുകെയിലുള്ള സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇതിന് ശേഷം രണ്ട് ഏഷ്യന്‍ വംശജരെ കൂടി മയക്കുമരുന്ന് കള്ളക്കടത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. 2019 മെയ് മാസത്തില്‍ അബുദാബി പ്രാഥമിക കോടതി ബ്രിട്ടീഷ് പൗരനും പാകിസ്ഥാന്‍ സ്വദേശിക്കും വധശിക്ഷ വിധിച്ചു. മറ്റ് രണ്ടുപേരെ കുറ്റവിമുക്തരാക്കി. എന്നാല്‍ അറസ്റ്റ് ചെയ്തതിലും വിധി പ്രഖ്യാപിച്ചതിലുമുള്‍പ്പെടെ നടപടിക്രമങ്ങളില്‍ തെറ്റ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പൗരന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റ് കോടതിയെ സമീപിച്ചു. ഇതോടെയാണ് വധശിക്ഷ റദ്ദാക്കാനും കേസില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി ഉത്തരവിട്ടത്.