മാപ്പു ലഭിച്ചതറിഞ്ഞ 55കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 37-ാം വയസ്സിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

തെഹ്‌റാന്‍: ഇറാനില്‍ കൊലപാതക (murder) കുറ്റത്തിന് വധശിക്ഷയ്ക്ക് (death penalty) വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബം മാപ്പുനല്‍കിയത് (pardon) അറിഞ്ഞതോടെ നെഞ്ചുപൊട്ടി മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാപ്പു ലഭിച്ചതറിഞ്ഞ 55കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 37-ാം വയസ്സിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ജയിലില്‍ കഴിയുകയായിരുന്ന പ്രതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി കഴിഞ്ഞ 18 വര്‍ഷമായി കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പു ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.

ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയെന്നും കോടതി ഇത് അംഗീകരിച്ച് വധശിക്ഷ ഒഴിവാക്കിയെന്നും കേട്ടതോടെ സന്തോഷം സഹിക്കാന്‍ കഴിയാതെ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ മാത്രമെ വധശിക്ഷയില്‍ നിന്ന് ഒഴിവാകുകയുള്ളൂ. 

നിമിഷപ്രിയയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി; ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം

സനാ: യമന്‍ (yemen) പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ (Sanaa) ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ (Nimisha Priya-33) യുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് കോടതി (Court) നീട്ടിവെച്ചു. കടുത്ത പ്രതിഷേധത്തിനിടെയാണ് കോടതി വിധി പറയുന്നത് നീട്ടിയത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്. കേസ് വരുന്ന 28ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തി. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നല്‍കി മരണശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം.

കടുത്ത പ്രതിസന്ധിയാണ് നിമിഷയുടെ കാര്യത്തില്‍ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ സാമുവല്‍ അറിയിച്ചു. നിമിഷയുടെ വധശിക്ഷ നടപ്പാക്കാന്‍ പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യന്‍ അംബാസിഡറും വ്യക്തമാക്കി. 2017ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 25ന് തലാല്‍ കൊല്ലപ്പെട്ടു. താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. 

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ഭാര്യയായി വെക്കാന്‍ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പറഞ്ഞിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ ഹനാനുംവിചാരണ നേരിടുന്നുണ്ട്. കീഴിക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

വിചാരണക്കോടതി നല്‍കിയ മരണ ശിക്ഷ ശരിവെച്ചാല്‍ യമനിലെ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ അപ്പീല്‍ കോടതിയിലേതടക്കം വിസ്താര നടപടികളില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കൗണ്‍സില്‍ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹര്‍ജി സുപ്രീംകൗണ്‍സില്‍ പരിഗണിക്കാറില്ല.