റിയാദ്: കൊലക്കേസില്‍ പ്രതികളായ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഇരുവര്‍ക്കും നേരത്തെ ശിക്ഷ വിധിച്ചത്. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷം അവരുടെ അഭിപ്രായം കൂടി അറിയാന്‍ വേണ്ടി ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു.

മുഹമ്മദ് ബിന്‍ അലി ബിന്‍ ഔദ അല്‍ഗാംദി എന്നയാളെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കത്തികൊണ്ട് കുത്തിയും കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുമായിരുന്നു കൊലപാതകം. പ്രതികളായ സഫര്‍ ബിന്‍ മുബാറക്, സഹോദരന്‍ ആയിദ് എന്നിവരെ പിന്നീട് പൊലീസ് പിടികൂടി. വിചരണയ്ക്കൊടുവില്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷം പിതാവിന്റെ ഘാതകരുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ അവരുടെ അഭിപ്രായം കൂടി അറിയുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. പിതാവിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് തന്റെ ഉറച്ചനിലപാടെന്ന് പ്രായപൂര്‍ത്തിയായ ശേഷം മകള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അല്‍ ബാഹ പ്രവിശ്യയിലെ അല്‍ അഖീഖില്‍വെച്ച് കഴിഞ്ഞദിവസം വധശിക്ഷ നടപ്പാക്കിയത്.