സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ദീപ നിശാന്തിനെയും എസ് ഹരീഷിനെയും ഭാരവാഹികള്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തിയത്. ഇതിനൊപ്പം എസ്. ഹരീഷിനെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികളായ ചിലരും രംഗത്തെത്തി. 

മനാമ: ഡി സി ബുക്സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ദീപ നിശാന്തും എസ് ഹരീഷും പങ്കെടുക്കില്ല. ഇരുവരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനെച്ചൊല്ലി നടന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം. ഈ മാസം 12 മുതല്‍ 22 വരെ നടക്കുന്ന പുസ്തക മേളയും സാംസ്കാരികോത്സവവും നടന്‍ പ്രകാശ് രാജാണ് ഉദ്ഘാടനം ചെയ്യുന്നത്. 

സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ദീപ നിശാന്തിനെയും എസ് ഹരീഷിനെയും ഭാരവാഹികള്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തിയത്. ഇതിനൊപ്പം എസ്. ഹരീഷിനെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികളായ ചിലരും രംഗത്തെത്തി. ഹരീഷിനെതിരെ നിവേദനങ്ങളും പരാതികളുമായി അധികൃതരെ സമീപിക്കാനുള്ള നീക്കങ്ങളും നടന്നു. നേരത്തെ ഇത്തരത്തില്‍ ബഹറൈനില്‍ നടന്ന പല പരിപാടികളും എംബസിയെ ഉള്‍പ്പെടെ ഇടപെടുത്തി തടഞ്ഞ മുന്‍കാല അനുഭവവും പ്രവാസികള്‍ക്കുണ്ട്. ഇരുവരെയും ചൊല്ലി വിവാദങ്ങള്‍ കനത്തതോടെ പ്രശ്നങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന തീരുമാനത്തിലാണ് ഭാരവാഹികള്‍ എത്തിയത്.

പുസ്തക മേളയില്‍ അതിഥികളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികൾക്ക് തുറന്ന സമീപനമാണെന്നായിരുന്നു സംഘാടകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ മേളയുടെ നിറം കെടുത്തുന്ന തരത്തിലേക്ക് വിവാദങ്ങള്‍ വളര്‍ന്നതോടെ മറ്റ് വഴികളില്ലാതെ ഇരുവരെയും ഒഴിവാക്കുകയായിരുന്നു. നമ്പി നാരായണന്‍, കെ.വി മോഹന്‍കുമാര്‍, കെ.ജി ശങ്കരപ്പിള്ള, എന്‍.എസ് മാധവന്‍ തുടങ്ങിയ പ്രമുഖരുടെ നിര തന്നെ പുസ്തകോത്സവത്തില്‍ എത്തുന്നുണ്ട്.