Asianet News MalayalamAsianet News Malayalam

ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ ഡെലിവറി ജീവനക്കാരന്‍ തുപ്പുന്ന വീഡിയോ, പിന്നാലെ അറസ്റ്റ്

കാപ്പി കപ്പുകളുടെ മൂടികള്‍ക്ക് മുകളില്‍ തുപ്പിയ ശേഷം പിന്നീട് കൈകൊണ്ട് തുപ്പല്‍ തുടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാപ്പി ഉപയോഗിക്കാതെ ഉപയോക്താവ് വീഡിയോ സഹിതം ഡെലിവറി ആപ് കമ്പനിയില്‍ പരാതിപ്പെടുകയുമായിരുന്നു.

delivery man arrested for spitting in coffee cups  in saudi
Author
Riyadh Saudi Arabia, First Published Jul 31, 2021, 2:02 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ തുപ്പിയ ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതു വയസ്സുള്ള പാകിസ്ഥാനി ഡെലിവറി ജീവനക്കാരനാണ് അറസ്റ്റിലായത്.  

റിയാദിലെ പ്രശസ്തമായ കോഫി ഷോപ്പില്‍ നിന്ന് വനിതാ ഉപയോക്താവ് ഓര്‍ഡര്‍ ചെയ്ത കാപ്പി അവരുടെ വീട്ടിലെത്തിക്കുന്നതിനിടെയാണ് കാപ്പി കപ്പിന് മുകളില്‍ ഡെലിവറി ആപ് കമ്പനി ജീവനക്കാരന്‍ തുപ്പിയത്. ഉപയോക്താവിന്റെ വീടിന് മുമ്പില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഓര്‍ഡര്‍ ചെയ്ത കാപ്പിയുമായി താന്‍ വീടിന് മുമ്പില്‍ എത്തിയെന്ന് ഉപയോക്താവിനെ ഫോണില്‍ ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു. ഓര്‍ഡര്‍ സ്വീകരിക്കാന്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ വീട്ടിലെ സിസിടിവി പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് ഡെലിവറി ജീവനക്കാരന്‍ കാപ്പി കപ്പുകളില്‍ തുപ്പുന്നത് ഉപയോക്താവ് കണ്ടത്. 

കാപ്പി കപ്പുകളുടെ മൂടികള്‍ക്ക് മുകളില്‍ തുപ്പിയ ശേഷം പിന്നീട് കൈകൊണ്ട് തുപ്പല്‍ തുടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാപ്പി ഉപയോഗിക്കാതെ ഉപയോക്താവ് വീഡിയോ സഹിതം ഡെലിവറി ആപ് കമ്പനിയില്‍ പരാതിപ്പെടുകയുമായിരുന്നു. ഓര്‍ഡര്‍ ചെയ്ത പ്രകാരം ഇവര്‍ അടച്ച പണം കമ്പനി തിരികെ നല്‍കി. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഡെലിവറി ജീവനക്കാരനെ അധികൃതര്‍ അറസ്റ്റ് ചെയ്തത്.  തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios