ജക്കാര്‍ത്ത: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അത് റദ്ദാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി ഏറെ വിവാദങ്ങളും വാര്‍ത്തകളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഉപഭോക്താവ് ഒരു ഓര്‍ഡര്‍ റദ്ദാക്കിയതിന് റോഡില്‍ വെച്ച് പൊട്ടിക്കരയുന്ന ഒരു ഡെലിവറി ജീവനക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വീഡിയോയിലുള്ളത്. ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓജോളില്‍ നിന്ന്  ദിവസം ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് കിട്ടിയിരുന്നില്ല. ഏറെ നേരത്തിനൊടുവില്‍ ആകെ കിട്ടിയ ഒരേയൊരു ഓര്‍ഡര്‍ അനുസരിച്ച് സാധനം വാങ്ങി എത്തിക്കാനായി തുടങ്ങിയപ്പോള്‍ ഉപഭോക്താവ് അത് റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഡെലിവറി ജീവനക്കാര്‍ വഴിയിലിരുന്ന് പൊട്ടിക്കരഞ്ഞത്. 

രണ്ട് ലക്ഷം ഇന്തോനേഷ്യന്‍ റുപ്യയുടെ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) ഓര്‍ഡറാണ് അദ്ദേഹത്തിന് കിട്ടിയത്. ഇതനുസരിച്ച് അദ്ദേഹം പണം മുടക്കി സാധനങ്ങള്‍ വാങ്ങി. ഇതിന് ശേഷമാണ് ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കിയത്. അമ്മയും ഇളയ സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഒരേയൊരു ആശ്രയമാണ് അദ്ദേഹം.  വീഡിയോയോട് പലതരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം. ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുമ്പോള്‍ നഷ്ടം ഡെലിവറി ജീവനക്കാരന് വരുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.