Asianet News MalayalamAsianet News Malayalam

പ്രവാസികളെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം: പ്രധാനമന്ത്രിക്ക് യുഡിഎഫ് എംപിമാരുടെ കത്ത്

ലോക്ക്ഡൗണിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

demanding  Special flights to return expatriates UDF MPs letter to PM
Author
Kerala, First Published Apr 25, 2020, 7:24 PM IST

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാഹുൽഗാന്ധി എംപി നേരത്തെ തന്നെ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എകെ ആന്റണി അടക്കമുള്ള കേരളത്തിൽ നിന്നുള്ള യുഡിഎഫ് രാജ്യസഭാ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

കൊവിഡ് ബാധയെ തുടർന്ന് മറ്റു രാജ്യങ്ങളിൽ കുടുങ്ങി പ്പോയ പൗരന്മാരെ തിരികെ എത്തിക്കാൻ ഒട്ടുമിക്ക രാജ്യങ്ങളും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയതായി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. ക്യാമ്പുകളിൽ തിങ്ങിക്കൂടി കഴിയുന്നതിനാൽ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുമുണ്ട്. 

വിസിറ്റിങ് വിസകളിൽ എത്തിയവരും അസുഖബാധിതരും ഗർഭിണികളും മുതിർന്ന പൗരന്മാരുമെല്ലാം നാട്ടിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുകയാണ്. ഇവരിൽ പലരും സ്വന്തം  ചെലവിൽ വരാൻ തയാറുമാണ്. കൊവിഡ് പരിശോധനയിൽ നെഗറ്റിവ് ആകുന്നവരെ തിരിച്ചയക്കാമെന്ന് യുഎഇ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ എത്രയും വേഗം മുൻഗണനാടിസ്‌ഥാനത്തിൽ  പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് എം.പിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios