റിയാദ്: ഒന്നര വർഷം മുമ്പ് റിയാദിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സൗദിയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് ലക്ഷം റിയാൽ (59 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി അബ്ദുൽ സലാമിെൻറ കുടുംബത്തിനാണ്‌ ഇത്രയും തുകയുടെ നഷ്ടപരിഹാരം അനുവദിച്ചുകിട്ടിയത്. 

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ ഇടപെടലാണ് ഇൻഷുറൻസ് ക്ലയിം നടപടികൾ പൂർത്തീകരിച്ച് എളുപ്പത്തിൽ നഷ്ടപരിഹാരം അനുവദിച്ച് കിട്ടാൻ അവസരമൊരുങ്ങിയത്. പണം നാട്ടിൽ അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു.  

കഴിഞ്ഞ വർഷം മെയ് 26നാണ്‌ സലാം റിയാദിൽ വാഹനാപകടത്തിൽ മരിച്ചത്. സലാം ഓടിച്ചിരുന്ന വാഹനത്തിന്‌ പിറകിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുകയായിരുന്നു. സലാമിന്റെ വാഹനപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ഇൻഷുറൻസ് ക്ലയിം നടത്തുന്നതിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരാണ് നേതൃത്വം നൽകിയത്.