ഓൺലൈൻ ചൂതാട്ടവും കള്ളപ്പണം വെളുപ്പിക്കലും നടത്തിയ പ്രവാസികൾക്ക് 10 വർഷം തടവും വൻതുക പിഴയും. കേസിൽ ഉൾപ്പെട്ട ഒരു ഇംപോർട്ട് കമ്പനിക്ക് 18,39,000 ദിനാർ പിഴ ചുമത്തി. കുവൈത്തിൽ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്ന് ഉത്തരവിട്ടു.

കുവൈത്ത് സിറ്റി: രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ട-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ പ്രവാസികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കഠിന ശിക്ഷ വിധിച്ചു. ഒരു ബാങ്ക് ജീവനക്കാരനും യുവതിയും ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് 10 വർഷം കഠിനതടവും 10 ലക്ഷം ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്‍റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഈ മാഫിയയെ പിടികൂടിയത്.

കേസിൽ ഉൾപ്പെട്ട ഒരു ഇംപോർട്ട് കമ്പനിക്ക് 18,39,000 ദിനാർ പിഴ ചുമത്തുകയും കുവൈത്തിൽ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു. രാജ്യത്തെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമിൽ' ഈ വിധി പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരോട് (രണ്ട് സ്ത്രീകൾ ഉൾപ്പെടെ) കോടതി ഉദാരമായ നിലപാട് സ്വീകരിച്ചു. ഇവർക്ക് തടവുശിക്ഷ നൽകുന്നതിൽ നിന്ന് കോടതി ഒഴിഞ്ഞുനിന്നു. പകരം 500 ദിനാർ ജാമ്യത്തുക കെട്ടിവെക്കാനും ഒരു വർഷത്തേക്ക് നന്മയോടെ ജീവിക്കുമെന്ന നിബന്ധനയിൽ വിട്ടയയ്ക്കാനും ഉത്തരവിട്ടു.