ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രീമിയം സര്‍വ്വീസ് ഫീസ് ഈടാക്കുന്നത്. പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഇളവ് നല്‍കും. സ്വയം ഇന്ധനം നിറയ്ക്കാന്‍ സന്നദ്ധരായവര്‍ക്ക് സുരക്ഷിതവും സുഗമമവുമായി അത് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഷാര്‍ജ: യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ജീവനക്കാരുടെ സഹായം വേണമെങ്കില്‍ 10 ദിര്‍ഹം നല്‍കണം. ഒക്ടോബര്‍ 21 മുതലാണ് അഡ്നോക് ഗ്യാസ് സ്റ്റേഷനുകളില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത്. വാഹനങ്ങളില്‍ സ്വയം ഇന്ധനം നിറയ്ക്കുന്നവര്‍ അധികം പണം നല്‍കേണ്ടതില്ല.
ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രീമിയം സര്‍വ്വീസ് ഫീസ് ഈടാക്കുന്നത്. പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഇളവ് നല്‍കും. സ്വയം ഇന്ധനം നിറയ്ക്കാന്‍ സന്നദ്ധരായവര്‍ക്ക് സുരക്ഷിതവും സുഗമമവുമായി അത് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഹായം ആവശ്യമെങ്കില്‍ പമ്പുകളിലെ ക്യാഷ്യര്‍മാര്‍ ഒപ്പമുണ്ടാകും. ജനങ്ങള്‍ക്ക് പുതിയ സംവിധാനവുമായി പൊരുത്തപ്പെടാനുള്ള സൗകര്യം നേരത്തെ തന്നെ അഡ്നോക് പമ്പുകളില്‍ ഒരുക്കിയിരുന്നു. 10 ദിര്‍ഹം ഫീസ് നല്‍കിയാല്‍ ഇന്ധനം നിറയ്ക്കുന്നതിനൊപ്പം ഗ്ലാസ് വൃത്തിയാക്കുകയും ടയര്‍ പരിശോധിക്കുകയും ചെയ്യും.
പുതിയ സംവിധാനം ഫലപ്രദമാക്കുന്നതിനായി ഒരു ലക്ഷം സ്മാര്‍ട്ട് ടാഗുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പണമോ കാര്‍ഡുകളോ കൈയ്യില്‍ കരുതാതെ അഡ്നോകിന്റെ പേയ്മെന്റ് വാലറ്റില്‍ നിന്ന് നേരിട്ട് പണം കൈമാറാവുന്ന സംവിധാനമാണ് സ്മാര്‍ട്ട് ടാഗുകള്‍.
