കോഴിക്കോട്: ഗള്‍ഫില്‍ നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് കോഴിക്കോട്ടെ ഭിന്നശേഷിക്കാരായ കുട്ടികള്‍. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നാടകങ്ങള്‍ ബഹ്റിനിലാണ് അരങ്ങേറുക. ഈ മാസം ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയാണ് നാടകാവതരണം.

ഭിന്നശേഷിക്കാരായ 20 കുട്ടികളാണ് നാടകം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ചിരിയിലേക്കുള്ള ദൂരം, കാലത്തിന്റെ താളില്‍ ഒരമ്മയുടെ കൈയൊപ്പ് എന്നീ നാടകങ്ങള്‍ ബഹ്റിനിലാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്. തണല്‍ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും തണല്‍ അഗതി മന്ദിരത്തിലെ അമ്മമാരും നാടകത്തിന്റെ ഭാഗമാകും. ഇതാദ്യമായി ഇന്ത്യക്ക് പുറത്ത് യാത്രചെയ്യാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍.

ദീപു തൃക്കോട്ടൂരാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബഹ്റിനില്‍ നാലിടങ്ങളിലാണ് അവതരണം. ബഹ്റിന്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് അറബിയിലും നാടകം അവതരിപ്പിക്കും. അധികം വൈകാതെ തന്നെ ഖത്തറിലും നാടകങ്ങള്‍ സ്റ്റേജിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.