മസ്കത്ത്: രാജ്യത്തെ  സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന   വിദേശികൾക്ക്  പകരം  ഒമാൻ സ്വദേശികളെ  നിയമിക്കാൻ  തീരുമാനം. അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലും വിദേശികളോട്  സേവനം നിർത്തി നാട്ടിലേക്ക് മടങ്ങാന്‍ കമ്പനികള്‍ നിര്‍ദേശം നല്‍കി.

ഒമാനിലെ  സർക്കാർ സ്ഥാപനങ്ങളിൽ  വിവിധ  തസ്തികകളിൽ  ജോലി ചെയ്തു വരുന്ന  വിദേശികൾക്ക് പകരം  സ്വദേശികളെ  നിയമിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഉടൻ സമയക്രമം  തയ്യാറാക്കണമെന്നു    ഒമാൻ ധനകാര്യ  മന്ത്രാലയം  രാജ്യത്തെ  എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞു.

മലയാളികളടക്കം  ധരാളം ഇന്ത്യക്കാർ ഒമാനിലെ സർക്കാർ , അർദ്ധ സർക്കാർ മേഖലയിൽ ഇപ്പോൾ  സേവനം നടത്തുന്നുണ്ട്. കൊവിഡ്  19  വ്യാപനവും , എണ്ണ വിലയിലുണ്ടായ ഇടിവുമൂലവും   കനത്ത പ്രതിസന്ധിയിലായ  ഒമാനിലെ  സാമ്പത്തിക രംഗം  രാജ്യത്തെ  സ്വകാര്യ  മേഖലയെയും   സാരമായി ബാധിച്ചു.

ഒമാനിലെ ഒരു പ്രമുഖ  ഓട്ടോമൊബൈൽ കമ്പനിയിലെ   ടെക്നീഷ്യൻസ്,  മെക്കാനിക്സ്, സെയിൽസ് എക്സിക്യൂട്ടീവ്  എന്നീ തസ്കികയിൽ ജോലി ചെയ്തു വരുന്ന   നാനൂറിലധികം  വിദേശികളായ ജീവനക്കാരുടെ   തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞു. ഏപ്രിൽ മുപ്പതു വരെ ശമ്പളം  നൽകുമെന്നും  പിന്നീട് വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ തങ്ങളുടെ രാജ്യങ്ങളിലേക്ക്   മടങ്ങുവാനുമാണ് സ്ഥാപനങ്ങൾ    ജീവനക്കാർക്ക്  നിർദ്ദേശം നല്‍കിയിരിക്കുന്നതെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന മറ്റു സ്വകാര്യ കമ്പനികളിലും  ധാരാളം വിദേശികൾക്കും ഇതിനകം തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞു. വരും മാസങ്ങളിൽ ഒമാനിലെ  സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക്  തങ്ങളുടെ   തൊഴിൽ മേഖലയിൽ കനത്ത   പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നുമാണ്  വിലയിരുത്തപ്പെടുന്നത് .