Asianet News MalayalamAsianet News Malayalam

യുഎഇയിലെ വന്‍ തീപിടുത്തത്തിന് കാരണം ഒരാള്‍ കാണിച്ച അവിവേകമെന്ന് റിപ്പോര്‍ട്ട്

അന്വേഷണത്തില്‍ വെളിപ്പെട്ട വിശദാംശങ്ങള്‍ ഇന്ന് ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് സിറി അല്‍ ശംസിയും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്‍ബിയും വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. 

Discarded cigarette butt caused the massive fire occured in Sharjah Abbco Tower
Author
Sharjah - United Arab Emirates, First Published May 10, 2020, 4:36 PM IST

ഷാര്‍ജ: 49 നിലകളുള്ള ഷാര്‍ജയിലെ അബ്കോ ടവറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തുടരുകയാണ് അധികൃതര്‍. 333 അപ്പാര്‍ട്ട്മെന്റുകളടങ്ങിയ കെട്ടിടം കത്തിയമരാന്‍ കാരണം ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അവിവേകമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്. അശ്രദ്ധമായി ഉപേക്ഷിച്ച സിഗിരറ്റ് കുറ്റിയില്‍ നിന്ന് തീ പര്‍ടന്നാണ് ഒടുവില്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് യുഎഇയിലെ പ്രമുഖ ദിനപ്പത്രമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂര്‍ണമായി കെടുത്താതെ അശ്രദ്ധമായി ഉപേക്ഷിച്ച സിഗിരിറ്റ് കുറ്റിയാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയില്‍ നിന്നാണ് തീ പടര്‍ന്നത്.  അന്വേഷണത്തില്‍ വെളിപ്പെട്ട വിശദാംശങ്ങള്‍ ഇന്ന് ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് സിറി അല്‍ ശംസിയും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്‍ബിയും വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു.  സിഗിരറ്റില്‍ നിന്നോ ശീശയില്‍ നിന്നോ തീ പടര്‍ന്നതാവാമെന്ന് യുഎഇയിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

നിരോധിത അലൂമിനിയം ക്ലാഡിങ് ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ പുറംഭാഗത്തെ നിര്‍മിതികള്‍ ഉണ്ടാക്കിയിരുന്നത്. വളരെ വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ഈ അലൂമിനിയം ക്ലാഡിങാണ് നിമിഷ നേരം കൊണ്ട് മുഴുവന്‍ നിലകളിലേക്കും തീ ആളിപ്പടരാന്‍ കാരണമായത്. 2016ലാണ് കെട്ടിട നിര്‍മാണത്തില്‍ ഇവയുടെ ഉപയോഗം  നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ തീപിടിച്ച അബ്കോ ടവര്‍ 2006ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പഴയ കെട്ടിടങ്ങളില്‍ നിന്നും ഇത് നീക്കം ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

നിരവധി മലയാളികളടക്കം താമസിച്ചിരുന്ന ഈ കെട്ടിടത്തിലെ 333 അപ്പാര്‍ട്ട്മെന്റുകളില്‍ 233 എണ്ണവും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഉടമകളുടെ സാന്നിദ്ധ്യത്തില്‍ ഇവ തുറന്ന് പരിശോധിക്കും. ഇതുവരെ പരിശോധിച്ച 100 അപ്പാര്‍ട്ട്മെന്റുകളില്‍ 26 എണ്ണം പൂര്‍ണമായി കത്തിനശിച്ചു. 34 എണ്ണത്തിന് പുകയും വെള്ളവും കാരണം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 40 അപ്പാര്‍ട്ട്മെന്റുകളുടെ വാതിലുകള്‍ തകര്‍ന്നു. കെട്ടിടത്തില്‍ താമസിച്ചിരുന്ന എല്ലാവര്‍ക്കും താത്കാലിക താമസ സ്ഥലമൊരുക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടിരുന്നു.

Follow Us:
Download App:
  • android
  • ios