അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഗ്ലോബൽ സ്റ്റുഡന്റ്' ഓഫർ എന്ന പേരില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 30ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. ഇവ ഉപയോഗിച്ച് 2021 സെപ്റ്റംബർ 30നകം യാത്ര ചെയ്യാം.  

ഓഫര്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇക്കോണമി ടിക്കറ്റുകളിൽ പത്ത് ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകളിൽ അഞ്ച് ശതമാനവും ഇളവ് ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഒരുമിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും വിദ്യാർത്ഥിയ്ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്താൽ കുടുംബാംഗങ്ങൾക്കും ഇതേ ഇളവ് നേടാം.

പ്രമോഷണൽ നിരക്ക് പ്രകാരം ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇക്കോണമിയിൽ 40 കിലോഗ്രാം വരെയും ബിസിനസ്സിൽ 50 കിലോഗ്രാം വരെയും ബാഗേജ് അലവൻസ് വർദ്ധിപ്പിക്കുമെന്നും യുഎസ്എയിലേക്കോ കാനഡയിലേക്കോ യാത്ര ചെയ്യുകയാണെങ്കിൽ ഒരു അധിക ചെക്ക് ഇന്‍ ബാഗേജ് ആനുകൂല്യം ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് പറഞ്ഞു. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് വരെ അധിക ചാര്‍ജുകളില്ലാതെ തീയതി മാറ്റവും അനുവദിക്കും.