Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 5000 അവശ്യ സാധനങ്ങള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും

25 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും

Discounts on 5000 Food and Consumer Goods
Author
Dubai - United Arab Emirates, First Published Mar 3, 2020, 12:35 PM IST

ദുബായ്: ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും ഉള്‍പ്പെടെ അയ്യായിരത്തോളം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്കരിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. '15-ാമത് ഗള്‍ഫ് ഉപഭോക്തൃ സംരക്ഷണ ദിന'ത്തോടനുബന്ധിച്ചാണ് 25 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവ് ഉപഭോക്താക്കള്‍ നല്‍കുന്ന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. മാര്‍ച്ച് ഒന്നുമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് നിലവില്‍വരും.

രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്‍ലെറ്റുകളും കോഓപ്പറേറ്റീവ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലത്തിലെ കോംപറ്റിറ്റീവ്‍നെസ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു. ദൈനംദിനം ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ക്ക് അടക്കമായിരിക്കും വിലക്കുറവ് ലഭ്യമാക്കുക. വില സ്ഥിരത ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ സ്വന്തമാക്കാനുമുള്ള അവസരം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി റമാദാന് മുമ്പ് വന്‍ ഡിസ്‍കൗണ്ട് ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്ന് അല്‍ നുഐമി പറഞ്ഞു. 'ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഇലക്ട്രോണിക് ഷോപ്പിങ് അനുഭവത്തിലേക്ക്' എന്ന മുദ്രാവക്യമുയര്‍ത്തി ദുബായില്‍ സാമ്പത്തിക മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ റമദാന്‍ സീസണിലുണ്ടായിരുന്നതിനേതാക്കാള്‍ വില കൂടാതെയായിരിക്കും ഇത്തവണയും സാധനങ്ങള്‍ ലഭ്യമാക്കുക.

ചൈനയിലും മറ്റ് നിരവധി രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് കൊണ്ടുള്ള തിരിച്ചടികളൊന്നും വിപണിയില്‍ ദൃശ്യമായിട്ടില്ലെന്നും അല്‍ നുഐമി പറഞ്ഞു. വിപണിയില്‍ വലിയ അളവില്‍ തന്നെ സാധനങ്ങള്‍ ലഭ്യമാണ്. വിലസ്ഥിരതയും നിരവധി സാധനങ്ങള്‍ക്ക് വിലക്കിഴിവും വിപണിയില്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം രൂപീകരണ ഘട്ടത്തിലാണിപ്പോള്‍. വിപണിയില്‍ നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളെയും അഭിമുഖീകരിക്കുന്ന നിയമമാണ് നടപ്പില്‍ വരിക. ഇ-കൊമേഴ്‍സ് രംഗത്തെ വ്യാപര വര്‍ദ്ധനവ് കണക്കിലെടുത്ത് ഈ മേഖലയില്‍ ഉപഭോക്താക്കളു‍ടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റി ദുബായില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തതയുള്ള മാനദണ്ഡങ്ങള്‍ ലഭ്യമാക്കുക, ഇലക്ട്രോണിക് ഷോപ്പിങ് ആപ്ലിക്കേനുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ പ്രയാസരഹിതമായി ഉപയോഗിക്കാനുള്ള സംവിധാനം, ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരത്തോടെയുള്ള സാധനങ്ങള്‍ എത്തിക്കുക തുടങ്ങിയവയെല്ലാം യോഗം ചര്‍ച്ച ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഈ രംഗത്ത് ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനായി എല്ലാ ആപ്ലിക്കേഷനുകള്‍ക്കും വെബ്‍സൈറ്റുകള്‍ക്കും അതത് വകുപ്പുകളിലെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. രാജ്യത്തിന് പുറത്തുള്ള വിപണികള്‍ കേന്ദ്രീകരിച്ച് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ പോലും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

15-ാമത് ഗള്‍ഫ് ഉപഭോക്തൃ സംരക്ഷണ ദിനവും കോപ് ഷോപ്പിങ് ഫെസ്റ്റിവലും പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും ഡിസ്‍കൗണ്ടും നല്‍കുമെന്ന് കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് യൂണിയനെ പ്രതിനിധീകരിച്ച് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 'കോപ്' ബ്രാന്‍ഡിലുള്ള മൂന്നൂറിലധികം ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം വരെയാണ് മാര്‍ച്ച് ആദ്യം മുതല്‍ വിലക്കുറവ് ലഭിക്കുക. 'കോപ്' ബ്രാന്‍ഡിലുള്ള ഉത്പ്പന്നങ്ങളുടെ എണ്ണം 921 ആയെന്നും 18 കോഓപ്പറേറ്റീവ് സ്റ്റോറുകളുടെ 170 ശാഖകള്‍ വഴി ഇവ ലഭ്യമാവും. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയതായി 19 ശാഖകള്‍ കൂടി നിര്‍മിക്കുന്നതോടെ ഇവയുടെ എണ്ണം 188 ആവുമെന്നും അദ്ദേഹം പറഞ്ഞു.

കോഓപ്പറേറ്റീവുകള്‍ വഴി 6.3 ബില്യന്‍ ദിര്‍ഹത്തിന്റെ വ്യാപാരം
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കോഓപ്പറേറ്റീവുകളുടെ ആകെ വ്യാപാരം 6.311 ബില്യനിലെത്തിയതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഓഹരി ഉടമകളുട എണ്ണം 77,359 ആയി. സുരക്ഷിതമായ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‍ഫോമും യൂണയന്‍ കോപ് പുറത്തിറക്കിയിട്ടുണ്ട്. 30,000ല്‍ അധികം ഉത്പന്നങ്ങള്‍ ലഭ്യമാവുന്ന ഈ സംവിധാനം വഴി 2019ല്‍ 30.8 മില്യനിലധികം ദിര്‍ഹത്തിന്റെ വ്യാപാരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കാന്‍ ഫലപ്രദമായ സ്‍മാര്‍ട്ട് സംവിധാനത്തിന് ദുബായ് സാമ്പത്തികകാര്യ വകുപ്പ് രൂപം കൊടുത്തിട്ടുണ്ടെന്ന് സാമ്പത്തിക വികസന മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അഹ്‍മദ് ഹസന്‍ അല്‍ സാബി പറഞ്ഞു. ദുബായിലെ ജിഡിപിയുടെ 26 ശതമാനത്തോളം വരുന്ന ചില്ലറ വില്‍പ്പന മേഖല ദുബായിയുടെ സാമ്പത്തിക രംഗത്തിന്റെ പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള കാര്യക്ഷമമവും സുഗമവുമായ സംവിധാനം നിലനില്‍ക്കേണ്ടത് ദുബായിയുടെ ചില്ലറ വില്‍പന മേഖലയെ സംബന്ധിച്ചടത്തോളം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ലഭിക്കുന്ന പരാതികള്‍ക്ക് നിര്‍മിത ബുദ്ധി ഉപയോഗിച്ച് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്ന 'സ്‍മാര്‍ട്ട് പ്രൊട്ടക്ഷന്‍' ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെക്കുറിച്ചും അല്‍ സാബി വിവരിച്ചു.  'ദുബായ് കണ്‍സ്യൂമര്‍' ആപ്ലിക്കേഷനിലും ദുബായ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വെബ്‍സൈറ്റിലും ലഭ്യമായ സംവിധാനമാണിത്.

Follow Us:
Download App:
  • android
  • ios