റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം. റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) എന്‍. റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് പശ്ചാത്തലത്തിലുണ്ടായ യാത്രാനിരോധനം നീക്കുക, ഇരുഭാഗത്തുനിന്നുമുള്ള വിമാന സര്‍വീസിന് വേണ്ടി എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക, നിര്‍ത്തിവെച്ച വിമാന സര്‍വീസ് സാധ്യമായ വേഗത്തില്‍ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അസിസ്റ്റന്റ് പ്രസിഡന്റ് ഡോ. ബദര്‍ അല്‍സഗ്രിയുടെ നേതൃത്വത്തിലുള്ള അതോറിറ്റി സംഘത്തെയാണ് ഡി.സി.എം എന്‍. റാം പ്രസാദും എംബസി സെക്കന്‍ഡ് സെക്രട്ടറി അസീം അന്‍വറും നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ഐബാന്‍, അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ അല്‍സഈദ് എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയത്തിേന്റതാണ് അന്തിമ തീരുമാനമെന്നും എംബസി അധികൃതര്‍ പറഞ്ഞു.